ഫഹദ് ഫാസില്‍ ചിത്രമായ മാലിക് ആമസോണ്‍ പ്രൈമില്‍ ജൂലൈ 15 ന് റിലീസ് ചെയ്യും. മഹേഷ് നാരായണന് സംവിധാനത്തോടൊപ്പം തിരക്കഥയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക്, തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.
ലോക്ക്ഡൌണിന്റെ കാലത്ത് നിരവധി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. ഇതിനെതിരെ തിയറ്റര്‍ ഓണേഴ്സ് രംഗത്ത് എത്തിയിരുന്നു. ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കില്ലെന്ന് ആദ്യം സംഘടന തീരുമാനിക്കുകയും, പിന്നീട് തിയറ്റര്‍ ഉടമകളുമായുള്ള പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയുമായിരുന്നു.