LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇസ്രായേലികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി

ഇസ്രായേൽ പൗരന്മാർക്ക് ആദ്യമായി സൗദി അറേബ്യയിലേക്ക് പോകാൻ അനുമതി. ചില നിബന്ധനകൾക്ക് വിധേയമായാണ് അനുമതി നല്‍കുന്നതെന്ന് ഇസ്രായേൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. രണ്ടു സാഹചര്യങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. ഒന്ന്, ഹജ്ജ് – ഉംറ പോലുള്ള മതപരമായ ആവശ്യത്തിനും, രണ്ട്, ബിസിനസ്സ് ആവശ്യത്തിനും. എന്നാല്‍ യാത്രക്കാർക്ക് സൗദി അധികൃതരുടെ അനുമതി ഉണ്ടെങ്കിലേ സന്ദര്‍ശനം അനുവദിക്കൂ എന്നും പ്രസ്താവനയിൽ പറയുന്നു. ഇത്രകാലവും മുസ്ലീങ്ങള്‍ അടക്കമുള്ള ഇസ്രായേല്‍ പൌരന്മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി അനുവാദം നല്‍കിയിരുന്നില്ല.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും, അദ്ദേഹത്തിന്‍റെ പ്രധാന രാഷ്ട്രീയ എതിരാളിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ നേതാവ് ബെന്നി ഗാന്റ്സിനെയും വാഷിംഗ്ടൺ ഡി.സി-യിലേക്ക് ക്ഷണിച്ചതിന് ശേഷമാണ്, ഇസ്രായേല്‍ പ്രസ്താവന നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

മാർച്ചിൽ ഇസ്രായേലില്‍ നടക്കാന്‍ പോകുന്ന അടുപ്പിച്ചുള്ള മൂന്നാമത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വൈറ്റ്‌ഹൌസ്‌ കുറേകാലമായി മുന്നോട്ടുവയ്ക്കുന്ന സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാനാണ്‌ ഇസ്രായേലി നേതാക്കള്‍ യു.എസ് സന്ദര്‍ശിച്ചത്. ഇസ്രായേലും പലസ്തീനും തമ്മിലുള്ള പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പോരാട്ടം അവസാനിപ്പിക്കാനായി ട്രംപ് തയ്യാറാക്കിയ പദ്ധതി ഇസ്രായേലിലെ രാഷ്ട്രീയ അനിശ്ചിതത്വംമൂലം രണ്ടു വര്‍ഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്.

Contact the author

International Desk