സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയെ കുറിച്ച് കേന്ദ്ര റിസർവ് പോലീസ് സേന അന്വേഷിക്കുന്നു. സൈന്യത്തിന് മതിയായ സംരക്ഷണ വാഹനങ്ങളുണ്ടെന്നും രാഹുല്‍ പങ്കുവച്ച വീഡിയോയുടെ 'ആധികാരികത'യാണ് അന്വേഷിക്കാന്‍ പോകുന്നതെന്നും സിആർപിഎഫ് പറഞ്ഞു. രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത വീഡിയോയിൽ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ ഇരുന്ന് രണ്ടു സൈനികര്‍ പങ്കുവയ്ക്കുന്ന സംഭാഷണമാണ് ഉള്ളത്.
8,400 കോടി ഡോളർ ചെലവഴിച്ച് പ്രത്യേക വിമാനം വാങ്ങാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുല്‍ വീഡിയോ ഷെയര്‍ ചെയ്തത്. 'നമ്മുടെ ജവാൻമാർ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത ട്രക്കുകളിലാണ് യാത്ര ചെയ്യുന്നത്, അപ്പോഴാണ് പ്രധാനമന്ത്രിക്കായി 8,400 കോടി ഡോളർ വിലവരുന്ന വിമാനം വാങ്ങാന്‍ പോകുന്നത്, ഇത് ശരിയാണോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
രാഹുല്‍ ഗാന്ധി പങ്കുവച്ച വീഡിയോയില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ്: 'ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽതന്നെ മനുഷ്യര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയാത്ത കാലത്താണ് നമ്മള് ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. അവർ നമ്മുടെ ജീവന് വച്ച് കളിക്കുകയാണ്. നമ്മള് നമ്മുടെ ജീവിതം പാഴാക്കുകയാണ്'. എന്നാല്‍ ആരൊക്കെയാണ് വീഡിയോയില്‍ ഉള്ളതെന്നോ, എവിടെവച്ചു ഷൂട്ട് ചെയ്തതാണെന്നോ വ്യക്തമല്ല.