തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ വില 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയിലേക്കെത്തി. 92.81 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87 രൂപ 38 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 91.20 പൈസയും ഡീസലിന് 85.86 രൂപയുമാണ്. കുതിച്ചുയര്‍ന്ന ഇന്ധനവില ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, കഴിഞ്ഞ മാസം അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ വില കൂടുകയാണ് ഉണ്ടായത്. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.
പ്രതിമാസം 750 കോടിയിലധികം വരുമാനമാണ് സംസ്ഥാന സർക്കാരിന് ഇന്ധന വിൽപന നികുതിയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിൽ പെട്രോളിന് 30 .8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപനനികുതി. ഇന്ധന വിൽപന ജി.എസ്.ടി പരിധിയിലാക്കിയാൽ ജനം രക്ഷപ്പെടും എന്നതാണ് യാഥാർഥ്യം.